മലേഷ്യൻ കമ്പനിയായ വാസ്കോ ബെർഹാദുമായി കരാർ ഒപ്പിട്ടു; 2027 ആദ്യ പാദത്തോടെ നടപടികൾ പൂർത്തിയാകും
അബുദാബി: വാസ്കോ ബെർഹാദിന്റെയും (Wasco Berhad) ഉപകമ്പനികളുടെയും ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ്, ഫാബ്രിക്കേഷൻ, പ്രോസസ് എഞ്ചിനീയറിംഗ് ബിസിനസ്സുകൾ പൂർണ്ണമായും ഏറ്റെടുക്കാൻ എൻ.എം.ഡി.സി എനർജി (NMDC Energy) കരാറൊപ്പിട്ടു. 210 ദശലക്ഷം യു.എസ് ഡോളർ എന്റർപ്രൈസ് മൂല്യം കണക്കാക്കുന്ന ഇടപാടിനായുള്ള വ്യവസ്ഥാപിത വിൽപ്പന-വാങ്ങൽ കരാറിലാണ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എൻ.എം.ഡി.സി എനർജി ഒപ്പുവെച്ചത്.
12 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള ഊർജ്ജ അടിസ്ഥാന സൗകര്യ വികസന കമ്പനിയായ വാസ്കോ ബെർഹാദിന്റെ ഓഹരി ഉടമകളുടെയും വിവിധ റെഗുലേറ്ററി അതോറിറ്റികളുടെയും അനുമതിക്ക് വിധേയമായി 2027 ആദ്യ പാദത്തിൽ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ആഴം കുറഞ്ഞ കടൽ മേഖലകളിലെ (Shallow-water offshore) പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എൻ.എം.ഡി.സി എനർജിക്ക്, ഈ ഏറ്റെടുക്കലിലൂടെ ആഴക്കടൽ ഫ്ലോട്ടിംഗ് അടിസ്ഥാന സൗകര്യ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിക്കും. എഫ്.പി.എസ്.ഒ (FPSO) കപ്പലുകളുടെ ടോപ്സൈഡുകൾ, മൊബൈൽ ഓഫ്ഷോർ പ്രൊഡക്ഷൻ യൂണിറ്റുകൾ (MOPU), എണ്ണ-പ്രകൃതിവാതക മേഖലകൾ, എൽ.എൻ.ജി (LNG), ഡാറ്റാ സെന്ററുകൾ എന്നിവയ്ക്കായുള്ള പ്രത്യേക ഓൺഷോർ മൊഡ്യൂളുകൾ, വിവിധ വ്യവസായങ്ങൾക്കായുള്ള പ്രോസസ് എക്യുപ്മെന്റ് നിർമ്മാണം എന്നിവ പുതിയ സംവിധാനത്തിന് കീഴിൽ വരും.
ഇന്തോനേഷ്യയിലെ ബാതമിൽ (Batam) 3,80,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള തന്ത്രപ്രധാന ഫാബ്രിക്കേഷൻ യാർഡും മലേഷ്യയിലെ 1,10,000 ചതുരശ്ര മീറ്റർ പ്രോസസ് എക്യുപ്മെന്റ് ഫാബ്രിക്കേഷൻ യാർഡും ഈ കരാറിലൂടെ എൻ.എം.ഡി.സി എനർജിക്ക് സ്വന്തമാകും. യു.എ.ഇയിലെ ജബൽ അലിയിലുള്ള കമ്പനിയുടെ നിലവിലെ 25,000 ചതുരശ്ര മീറ്റർ യാർഡിന് പുറമെയാണിത്. ഒന്നിലധികം യാർഡുകൾ ഒരു കുടക്കീഴിൽ വരുന്നതോടെ സങ്കീർണ്ണമായ പദ്ധതികൾ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കാൻ കമ്പനിക്ക് കഴിയും.
തെക്കുകിഴക്കൻ ഏഷ്യയിലെ എഞ്ചിനീയറിംഗ് കേന്ദ്രങ്ങളും പ്രമുഖ അന്താരാഷ്ട്ര ഊർജ്ജ കമ്പനികൾ, ഇ.പി.സി (EPC) കരാറുകാർ എന്നിവരടങ്ങുന്ന ഉപഭോക്തൃ ശൃംഖലയും മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എൻ.എം.ഡി.സി എനർജിയുടെ സാന്നിധ്യം ശക്തിപ്പെടുത്തും. പരമ്പരാഗത-പുനരുപയോഗ ഊർജ്ജ മേഖലകൾ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ പരിവർത്തന പദ്ധതികൾ, ഡാറ്റാ സെന്റർ വികസനം എന്നിവയിലെ വലിയ അന്താരാഷ്ട്ര കരാറുകൾ ഏറ്റെടുക്കാൻ എൻ.എം.ഡി.സി ഗ്രൂപ്പിന്റെ സാമ്പത്തിക കരുത്തും ഈ പുതിയ ശേഷികളും സഹായകമാകും.
ലോകോത്തര എഞ്ചിനീയറിംഗ് പ്രതിഭകളെയും ആഗോള സാന്നിധ്യത്തെയും തങ്ങളുടെ സേവനങ്ങളുമായി സംയോജിപ്പിക്കാൻ ഈ വിപുലീകരണത്തിലൂടെ സാധിക്കുമെന്ന് എൻ.എം.ഡി.സി ഗ്രൂപ്പ് സി.ഇ.ഒ ഡോ. യാസർ സഗ്ലൂൽ പറഞ്ഞു. ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികൾ പോലും നടപ്പിലാക്കാൻ ശേഷിയുള്ള പങ്കാളിയെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കുമെന്നും പരമ്പരാഗത-പുനരുപയോഗ ഊർജ്ജ വികസനത്തെ മുന്നോട്ട് നയിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരുടെ മികവിലൂടെയും ഉപഭോക്താക്കളുമായുള്ള ദീർഘകാല ബന്ധത്തിലൂടെയുമാണ് വാസ്കോയുടെ എഞ്ചിനീയറിംഗ്, ഫാബ്രിക്കേഷൻ ബിസിനസ്സ് കെട്ടിപ്പടുത്തതെന്ന് വാസ്കോ ബെർഹാദ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ജിയാൻകാർലോ മക്കാഗ്നോ പറഞ്ഞു. ബിസിനസ്സിന്റെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയ്ക്ക് എൻ.എം.ഡി.സി എനർജി മികച്ച പിന്തുണ നൽകുമെന്നും, കൈമാറ്റ നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും തുടർച്ച ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




